തിരുവനന്തപുരം: കേരള സർവകലാശാല മുൻ സീനിയർ പ്രഫസറും ഡീനുമായ ഡോ. അച്യുത് ശങ്കർ എസ്. നായർ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായി ചുമതലയേറ്റു.
സർക്കാർ പ്രതിനിധികളുടെയും കൗൺസിൽ ജീവനക്കാരുടെയും സാന്നിധ്യത്തിൽ അദ്ദേഹം ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുകയായിരുന്നു.
കേരള സർവകലാശാലയിലെ ബയോ ഇൻഫോർമാറ്റിക്സ് വിഭാഗം മുൻ പ്രഫസറും മേധാവിയും ആയിരുന്ന ഡോ. അച്യുത്ശങ്കർ വിവിധ ശാസ്ത്ര-കലാരംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പണ്ഡിതൻ, അധ്യാപകൻ, ഗവേഷകൻ, വിവര സാങ്കേതിക വിദഗ്ധൻ, പ്രഭാഷകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രശസ്തനാണ്.
2001 മുതൽ 2004 വരെ സി-ഡിറ്റ് ഡയറക്ടറായിരുന്ന അദ്ദേഹം, സർക്കാരിന്റെ നിരവധി വിവരസാങ്കേതിക വികസന പദ്ധതികൾക്ക് നേതൃത്വം നൽകി. കേരള സർവകലാശാലയിൽ ബയോ ഇൻഫോർമാറ്റിക്സ് വകുപ്പ് സ്ഥാപിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി.
ബയോ ഇൻഫോർമാറ്റിക്സ്, ഹോൾ ജീനോം സ്വീക്വൻസിങ്, ആയുർ-ഇൻഫോർമാറ്റിക്സ്, മെഷീൻ ലേണിംഗ് എന്നിവയാണ് അദ്ദേഹത്തിന്റെ ഗവേഷണ മേഖലകൾ.